ഫസല്‍ വധക്കേസ്: പിന്നില്‍ ആര്‍.എസ്.എസ് എന്ന് വരുത്തി തീര്‍ക്കാന്‍ കള്ളമൊഴി രേഖപ്പെടുത്തി; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിബിഐ

ഫസല്‍ വധക്കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സി.ബി.ഐ. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കള്ളമൊഴി രേഖപ്പെടുത്തിയെന്നാണ് ആരോപണം. സി.പി.എം നേതാക്കള്‍ പ്രതികളായ കേസില്‍ വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു.

ഫസല്‍ വധക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് കേസിന് പിന്നില്‍ സി.പി.എം. തന്നെയാണെന്നും, ആര്‍.എസ്.എസാണെന്ന തലശേരി മോഹനന്‍ കൊലക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍ കസ്റ്റഡിയില്‍ വെച്ച് പറയിപ്പിച്ചതാണെന്നും വ്യക്തമാക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിലെ ആര്‍.എസ്.എസ് പങ്ക് സംസ്ഥാന പൊലീസ് തെളിയിച്ചത്.

2016 നവംബര്‍ 17 നായിരുന്നു സുബീഷിനെ വടകരയ്ക്ക് സമീപം കാര്‍ തടഞ്ഞ് നിര്‍ത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. സുബീഷിന്റെ മൊഴി ഡിവൈ എസ് പി സദാനന്ദന്‍ അടക്കമുളളവര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നും നടപടി സ്വീകരിക്കണമെന്നും സിബിഐ ചൂണ്ടിക്കാട്ടി. കേസിന്റെ വിവരങ്ങള്‍ സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍, തലശേരി മുന്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം. കെ.പി സുരേഷ് ബാബു എന്നിവര്‍ക്കെതിരെ നടപടിക്കും ശിപാര്‍ശയുണ്ട്. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സി.പി.എം നേതാക്കളായ കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഇതില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ട് തെറ്റാണെന്ന് പ്രതി കാരായി രാജന്‍ ആരോപിച്ചിരുന്നു.

ഫസല്‍ വധക്കേസില്‍ സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. കേസ് അട്ടമറിക്കാന്‍ പൊലീസ് വിചാരണവേളയില്‍ ശ്രമിച്ചുവെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സംസ്ഥാന സര്‍ക്കാരും, സിപിഎമ്മും പ്രതിരോധത്തിലാവും.