കോഴിക്കോട് ആറുവയസ്സുകാരിയായ അദിതി എസ് നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസിൽ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം ശിക്ഷ. കേസിലെ കേസില്‍ ഒന്നാം പ്രതിയാണ് കുട്ടിയുടെ അച്ഛൻ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി. കേസിൽ രണ്ടാംപ്രതിയാണ് രണ്ടാനമ്മയായ റംല ബീഗം. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കുട്ടിയുടെ മരണത്തിന്റെ കാരണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പ്രതികള്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി ചുഴലി കാരണമാണ് കുട്ടി മരിച്ചതെന്ന പ്രതികളുടെ വാദവും തള്ളി.
കേസിൽ ഇരുവര്‍ക്കുമെതിരേ ഹൈക്കോടതി കൊലകുറ്റം ചുമത്തിയിരുന്നു. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തള്ളിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വര്‍ഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്.
തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അദിതി 2013 ഏപ്രില്‍ 29-നാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നും അച്ചടക്കത്തിനായി പരിക്കേല്‍പ്പിക്കുക മാത്രമായിരുന്നു ഉണ്ടായതെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ തെളിവുകള്‍ വിചാരണക്കോടതി കണക്കിലെടുത്തില്ല. പ്രതിഭാഗത്തിന്റെ വാദത്തിനാണ് വിചാരണക്കോടതി മുന്‍തൂക്കം നല്‍കിയത്. പ്രതികള്‍ക്ക് പൊതുവായ ലക്ഷ്യം ഉണ്ടായിരുന്നു. തെളിവുകള്‍ വിലയിരുത്തിയതില്‍ വിചാരണക്കോടതിക്ക് വീഴ്ചപറ്റി. ആയുധം ഉപയോഗിച്ചും അല്ലാതെയും പരിക്കേല്‍പ്പിച്ചു എന്ന കുറ്റമാണ് പ്രതികള്‍ക്കെതിരേ വിചാരണക്കോടതി കണ്ടെത്തിയത്. ബാലനീതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റവും ചുമത്തി. ഇതിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം വിചാരണക്കോടതി കുറയ്ക്കുകയായിരുന്നു. വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ശരിവെച്ചാല്‍ നീതിയുടെ നിഷേധമാകുമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.







