കര്‍ഷകന്റെ ആത്മഹത്യ വേദനാജനകം; കൃഷി നശിച്ചവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷിമന്ത്രി

സംസ്ഥാനത്ത് കടബാധ്യതതെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കൃഷി നശിച്ച് കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കര്‍ഷകര്‍ക്ക് കഴിയുന്ന അത്രയും സഹായം സര്‍ക്കാര്‍ ഉറപ്പാക്കും. ഇത് ചര്‍ച്ച ചെയ്യാനായി അടിയന്ത്ര യോഗം ചേരുകയാണെന്ന് മന്ത്രി പറഞഅഞു.

കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പുവരുത്തും. കാര്‍ഷിക മേഖലയില്‍ സംരക്ഷണം ഉറപ്പ് വരുത്തും. ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവില്ലെന്നും, കര്‍ഷകന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പത്തനംതിട്ട തിരുവല്ലയിലാണ് കൃഷിനാശത്തെതുടര്‍ന്നുള്ള കടബാധ്യത കാരണം കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. നിരണം സ്വദേശി രാജീവാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാടവരമ്പത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭൂമി പാട്ടത്തിനെടുത്താണ് ഇയാള്‍ കൃഷി ചെയ്തിരുന്നത്. വേനല്‍മഴയെ തുടര്‍ന്ന് ഏട്ടേക്കറോളം കൃഷി നശിച്ചിരുന്നു. രണ്ട് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നായി രാജീവ് കാര്‍ഷിക വായ്പയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം കൃഷി നശിച്ചപ്പോള്‍ തുച്ഛമായ നഷ്ട പരിഹാരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഇക്കാര്യത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയായിരുന്നു.