'ഫാനി'; കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം “ഫാനി” ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുളളില്‍ ശക്തമായ ചുഴലിക്കാറ്റായി തമിഴ്‌നാട്- ആന്ധ്ര തീരത്തേക്കെത്തുകയും ചെയ്യും.

അടുത്ത 72 മണിക്കൂറിനുളളില്‍ ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങുകയും ഏപ്രില്‍ 30-ാം തീയതി വൈകിട്ടോടെ തമിഴ്‌നാടിന്റെ വടക്ക് തീരത്തും ആന്ധ്രപ്രദേശിന്റെ തെക്ക് തീരത്തും എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ന്യൂനമര്‍ദത്തിന്റെ ഭാഗമായി 27, 28 തീയതികളില്‍ കേരളത്തില്‍ ചെറിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. 29-ാം തീയതി എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കും 30-ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.