യു.ഡി.എഫിലും പൊട്ടിത്തെറി; മുന്നണി യോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് ആർ.എസ്.പി, ഭാവിപരിപാടികൾ പിന്നീട് ആലോചിക്കും

പുനഃസംഘടനാ ചർച്ചയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രതിസന്ധി രുക്ഷമാവുമ്പോൾ കോൺ​ഗ്രസിന് പുതിയ തലവേദനയായി ആർ.എസ്.പി.

യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആർ.എസ്.പി  തീരുമാനിച്ചു. ഉഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് ആർ.എസ്.പി നൽകിയ കത്തിൽ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി കോണ്‍ഗ്രസിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ കത്തു നല്‍കി 40 ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇല്ലെന്ന് ആർ.എസ്.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ആർ.എസ്.പി നേതൃയോഗത്തില്‍ തീരുമാനിച്ചത്. തുടര്‍നടപടി സ്വീകരിക്കാന്‍ ശനിയാഴ്ച ആര്‍ എസ് പി നേതൃയോഗം വിളിച്ചിട്ടുണ്ട്.

ആർ.എസ്.പി തീരുമാനം കോണ്‍ഗ്രസിനെ അറിയിച്ചു കഴിഞ്ഞു. ഭാവി പരിപാടികള്‍ നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ആർ.എസ്.പി, യു.ഡി.എഫ് മുന്നണി വിടണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ കോൺ​ഗ്രസിനെ ​ഗ്രൂപ്പ് പോരിനെതിരെ ആർ.എസ്.പി നേതാവ് ഷിജു ബേബി ജോൺ രൂക്ഷമായി വിമർശിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് പാഠം പഠിച്ചതായി തനിക്ക് തോന്നുന്നില്ലെന്നും നേതാക്കൾ തമ്മിൽ തല്ലുന്നത് വീണ്ടും കാണുമ്പോൾ ജനവിധി ഉൾക്കൊള്ളാൻ കോൺ​ഗ്രസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത് തമ്മിലടിയാണ്. തമ്മില്‍തല്ലുന്നവരെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു.