ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു, രണ്ട് പേര്‍ക്ക് പരിക്ക്

തൃശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു. തിടമ്പേറ്റാന്‍ നിര്‍ത്തിയ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തിയത് പരിഭ്രാന്തി പരത്തി. ചിതറി ഓടുന്നതിനിടെ കുഴിയില്‍ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ മന്ദാരം കടവിലായിരുന്നു സംഭവം. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയ മൂന്ന് ആനകളില്‍ ഒന്ന് ഇടഞ്ഞ് മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഇതോടെ മറ്റ് ആനകളും പരിഭ്രാന്തരായി.

ആന ഇടഞ്ഞതോടെ പൂരത്തിനെത്തിയ നാട്ടുകാര്‍ ചിതറിയോടി. ഒടുന്നതിനിടെ റോഡില്‍ നിന്നും രണ്ട് പേര്‍ താഴെ കുഴിയിലേക്ക് വീണു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

ആനകള്‍ പെട്ടെന്ന തന്നെ ശാന്തരായതോടെ വലിയ അപകടം ഒഴിവായി. ഓടാന്‍ കഴിയാത്ത വിധം ആനകളെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. പാപ്പാന്മാര്‍ ആനകളെ ഉടനെ മാറ്റി. ആനകള്‍ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് വൈകിയാണ് നടത്തിയത്.