നൂറിലധികം വരുന്ന കേന്ദ്ര സായുധ സംഘം; മൂന്നു കാറുകളില്‍ ഉദ്യോഗസ്ഥര്‍; കരുവന്നൂര്‍ തട്ടിപ്പില്‍ എസി മൊയ്തീന്റെ വീട്ടില്‍ ഇഡി സംഘം; വ്യാപക റെയിഡ്; കുരുക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എസി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഇന്നു രാവിലെ 7.30നാണ് ഇഡി സംഘം എംഎല്‍എയുടെ വീട്ടില്‍ എത്തിയത്. മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥര്‍ മൊയ്തീന്റെ വീട്ടില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് അകമ്പടിയായി കേന്ദ്രസേനയും എത്തിയിട്ടുണ്ട്. നൂറിലധികം സായുധ സംഘമാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം എത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ എസി മൊയ്തീന്‍ വീട്ടിലുണ്ടായിരുന്നു.

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. കൊച്ചിയില്‍ നിന്ന് എത്തിയ ഇഡി സംഘം മൂന്നുമണിക്കൂറായി പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി കേസ് ഇഡി സമഗ്രമായി അന്വേഷിക്കുന്നുണ്ട്. നേരത്തെ കേരള പോലീസ് സംഭവം അന്വേഷിച്ചിരുന്നെങ്കിലും ബാങ്ക് ജീവനക്കാരിലേക്കും ചില ജില്ലാ നേതാക്കള്‍ക്കപ്പുറത്തേക്കും അന്വേഷണം എത്തിയിരുന്നില്ല.

പിന്നീട് ഇ.ഡി. കേസ് ഏറ്റെടുത്തതിന് ശേഷം നിരവധി പേരെ ചോദ്യംചെയ്തിരുന്നു. ജീവനക്കാരുടെ മൊഴികളില്‍ പലതും മുന്‍മന്ത്രിക്കെതിരാണ്. തട്ടിപ്പില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നും
ഇ.ഡി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എ.സി. മൊയ്തീന്റെയും ബിനാമികളുടേതെന്ന് സംശയിക്കുന്നവരുടേയും വീടുകളിലും റെയിഡ് നടക്കുന്നുണ്ട്.