മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ് ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. വീണ്ടും നോട്ടീസ് അയച്ചതിൽ പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. ഇഡിയുടേത് രാഷ്ട്രീയക്കളിയാണെന്നും ബിജെപിക്ക് വേണ്ടിയുള്ള പാദസേവയാണെന്നും തോമസ് ഐസക് പറഞ്ഞു. ഇത് സ്ഥിരം കലാപരിപാടിയാണെന്നും തോമസ് ഐസക് പരിഹസിച്ചു.
‘തിരഞ്ഞെടുപ്പായപ്പോൾ ഇഡി അവരുടെ സ്ഥിരം കലാപരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്, ഇത്തവണ അടുത്ത തിരഞ്ഞെടുപ്പ്…’ വീണ്ടും നോട്ടീസുമായി വരുന്നു. ഇത് വെറും രാഷ്ട്രീയ കളിയാണ്. ബിജെപിക്കും യുഡിഎഫിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണിത്. ഇഡിയ്ക്ക് മുന്നിൽ ഹാജരാവാൻ മനസില്ലെന്നും തോമസ് ഐസക് പറഞ്ഞു.
മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും തോമസ് ഐസക് പറഞ്ഞു. ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കിയ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി. ആദ്യ വാദം മസാല ബോണ്ടിന് അവകാശമില്ല എന്നായിരുന്നു. മസാല ബോണ്ട് വഴിയുള്ള പണം ഭൂമി വാങ്ങാൻ ഉപയോഗിക്കാൻ പാടില്ല എന്നാണ് ഇപ്പോൾ ഇഡി പറയുന്നത്.
മസാല ബോണ്ടിന് അനുമതി നൽകാനുള്ള അവകാശം ആർബിഐക്കാണ്. അതെല്ലാം പൂർത്തീകരിച്ചതാണ്. എന്തിനാണ് വിളിപ്പിക്കുന്നതെന്നതിൽ കാരണം പറയണം. കോടതിയും ചോദ്യം ന്യായമാണെന്ന് പറഞ്ഞതാണ്. എന്നാൽ ഇത്രയും കാലമായിട്ടും ആ ലളിതമായ ചോദ്യത്തിന് മറുപടി പറയാൻ ഇഡിക്ക് ആയിട്ടില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. അതേസമയം ബിജെപി കേരളത്തിനെ പിന്നോട്ടടിപ്പിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.







