ഇ. ബാലാനന്ദൻ ദിനാചരണം; എ.കെ.ജി സെന്ററിൽ പതാക ഉയർത്തി ആനത്തലവട്ടം ആനന്ദൻ

ഇ. ബാലാനന്ദൻ ദിനാചരണത്തിന്റെ ഭാഗമായി എ.കെ.ജി സെന്ററിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി.കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇ. ബാലാനന്ദൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 1978 മുതൽ 2005 വരെ സി.പി.ഐ.(എം) പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്നു. തീരെ ചെറിയ പ്രായത്തിൽ തന്നെ പൊതുപ്രവർത്തന രംഗത്തിറങ്ങി.

ബാലാനന്ദൻ വിവിധ ജോലികൾ ചെയ്ത്, നാടുകൾ ചുറ്റിക്കറങ്ങി. കേരളത്തിലെ വ്യാവസായിക കേന്ദ്രമായ ആലുവയിൽ എത്തിച്ചേർന്നു. അവിടത്തെ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയെടുത്തു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. 1967- ൽ വടക്കേക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലാമത്തെ കേരള നിയമസഭയിലെത്തി. 1980 മുതൽ 1984 വരെ ലോകസഭാംഗമായിരുന്നു. സി.ഐ.ടി.യുവിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 2009 ജനുവരി 19 ന് അന്തരിച്ചു.