'സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ ഡാമൊന്നും തുറന്നുവിടരുത്'; പരിഹസിച്ച് വി.ടി ബല്‍റാം

സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചതില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ടി ബല്‍റാം. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച ഇ.പി ജയരാജനെ തിരികെ മന്ത്രിസഭയിലെടുത്തത് പ്രളയത്തിന്റെ സമയത്താണെന്നും സജി ചെറിയാനെ തിരികെയെടുക്കാന്‍ ഡാം തുറന്നുവിടരുതെന്നും വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വി ടി ബല്‍റാമിന്റെ കുറിപ്പ്..

‘ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് നാണം കെട്ട് രാജി വയ്‌ക്കേണ്ടിവന്ന ജയരാജന്‍ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിര്‍മ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവില്‍ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.’

ഭരണഘടന വിരുദ്ധ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്.  സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് രാജി തീരുമാനത്തില്‍ നിര്‍ണായകമായത്. സജി ചെറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് നല്‍കി. രണ്ടാം പിണറായി മന്ത്രി സഭയിലെ ആദ്യ രാജിയാണിത്.

ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലായിരുന്നു സജി ചെറിയാന്‍റെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞത്. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു..