ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും

കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. നാളെ മുതല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയ്ക്ക് കയറുമെന്ന് കെജിഎംഒഎ അറിയിച്ചു. അതേസമയം, വിഐപി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും.

മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ നിര്‍ണായ തീരുമാനങ്ങള്‍ ഉണ്ടായി. ആശുപത്രികളെ മൂന്നു വിഭാഗങ്ങളാക്കി സുരക്ഷയൊരുക്കും. ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ക്രമീകരണങ്ങളേര്‍പ്പെടുത്തും. അക്രമ സ്വഭാവമുള്ള രോഗികളെ ചികില്‍സിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളൊരുക്കും. ആശുപത്രികളിലെ പൊലീസ് എയ്ഡ്‌പോസ്റ്റുകള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

വര്‍ഷത്തില്‍ രണ്ടു തവണ ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രികളില്‍ കഷ്വാലിറ്റിയില്‍ രണ്ടു ഡോക്ടര്‍മാരെ നിയമിക്കുന്നത് പരിഗണനയിലാണ്.

Read more

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ജോലിഭാരം ഉള്‍പ്പടെ വിഷയങ്ങള്‍ പഠിക്കാന്‍ സംസ്ഥാനതല കമ്മീഷന്‍ വേണം എന്ന ആവശ്യം ഹൌസര്‍ജന്‍, പിജി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ മുന്നോട്ട് വച്ചെങ്കിലും ഇതുള്‍പ്പെടെ കാര്യങ്ങളില്‍ ഒരു ഉറപ്പും ലഭിച്ചിട്ടില്ല.