മോഡലുകളുടെ മരണം; സി.ബി.ഐ അന്വേഷണം വേണമെന്ന്‌ അന്‍സി കബീറിന്റെ ബന്ധുക്കൾ

കൊച്ചിയില്‍ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ ബന്ധുക്കള്‍. നമ്പര്‍ 18 ഹോട്ടലിന്റെ ഉടമയായ റോയി വയലാട്ടിനെതിരെ പോക്‌സോ കേസ് എടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

മോഡലുകളുടെ മരണത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെന്നും സംഭവത്തില്‍ റോയി വയലാട്ടിന് നേരിട്ട് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്‍സിയുടെ ബന്ധുവായ നസീമുദ്ദീന്‍ പറഞ്ഞു. അപകടം ഉണ്ടായ ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടിയാകും സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് റോയി നശിപ്പിച്ചത്. ഈ സംശയങ്ങള്‍ ബലപ്പെടുന്ന തരത്തിലുള്ളതാണ് പുതിയ വിവരങ്ങള്‍ എന്നും ഇവര്‍ പറഞ്ഞു.

നവംബര്‍ ഒന്നിനാണ്  മോഡലുകളായ അൻസി കബീർ , അഞ്ജന ഷാജൻ  എന്നിവർ വാഹനാപകടത്തിൽ മരിച്ചത്. മോഡലുകള്‍ ഹോട്ടലില്‍ നിന്ന് മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഹോട്ടലുടമയായ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചന്‍ മോഡലുകളെ പിന്തുടരുകയും ചെയ്തിരുന്നു. ഇതോ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ വേഗത്തില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് റോയി വയലട്ടിനെതിരെ പുതിയ പരാതി നല്‍കിയിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ എത്തിയ ഇവരെ ഉടമയായ റോയി വയലാട്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.