അരുണാചലിലെ മലയാളികളുടെ മരണം; സുഹൃത്ത് മുറിയെടുത്തത് ദമ്പതികളുടെ മകളെന്ന പേരിൽ, ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചും അന്വേഷണം

അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി പൊലീസ്. മരിച്ച ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീനും- ദേവിയും ഒന്നര വർഷം മുൻപും അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇവർ രക്തം വാർന്നൊഴുകാൻ മുറിവുകളുണ്ടാക്കിയത് കഴുത്തിലും കൈകളിലുമാണ്. ആര്യയുടെ കഴുത്തിലും നവീന്റെയും ദേവിയുടെയും കൈകളിലുമാണ് മുറിവുകൾ. മൂന്നുപേരും താമസിച്ചത് ഒരേ മുറിയിലാണെന്നും ആത്മഹത്യാക്കുറിപ്പിൽ ഒപ്പിട്ടുവെന്നും പൊലീസ് വെളിപ്പെടുത്തി. ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ഹോട്ടലിൽ മുറിയെടുത്തത്. അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയിൽ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്.

മാർച്ച് 17ന് കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയ ദേവിയും നവീനും പത്തു ദിവസം എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. ഒരു വർഷമായി കോട്ടയത്തെ നവീന്റെ വീട്ടിൽ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ലായിരുന്നു. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുർവേദ ഡോക്ടർ ജോലി ഉപേക്ഷിച്ചത്. നവീനും ദേവിയും ആര്യയും പൊതുവെ ആരുമായും അടുപ്പം സൂക്ഷിച്ചിരുന്നില്ല. ആര്യയെ ദേവിയും നവീനും തങ്ങളുടെ അടിമയെപ്പോലെയാണ് ഉപയോഗിച്ചതെന്നാണ് സംശയം. ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും.

അധ്യാപികയായ ആര്യയെയും അവരുടെ സുഹൃത്തുക്കളായ ദമ്പതികളെയും ഇന്നലെയാണ് അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരാണു മരിച്ചത്. ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു.

മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. ‌കഴിഞ്ഞ ദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞ നിലയിൽ മരിച്ചു കിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം.

നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന കുറിപ്പും നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും മേശയിലുണ്ടായിരുന്നു. സിസിടിവിയിൽ സംശായസ്പദമായൊന്നും കണ്ടെത്തിയില്ല. അതേസമയം, എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാൻ യുട്യൂബ് വിഡിയോകൾ പരിശോധിച്ചതായി കണ്ടെത്തി.