ഇരുട്ടടി; പാചക വാതക, ഇന്ധന വിലയില്‍ വര്‍ദ്ധന

സംസ്ഥാനത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വീട്ടാവശ്യത്തനുള്ള സിലണ്ടറിന് 956 രൂപയായി. അഞ്ച് കിലോയുടെ സിലണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. അഞ്ച് മാസത്തിന് ശേഷമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കൂട്ടുന്നത്.

അതേസമയം വാണിജ്യാവശ്യത്തിനുള്ള സിലണ്ടറിന്റെ വില എട്ട് രൂപ കുറച്ചു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 2000 രൂപ 50 പൈസയായി. നേരത്തെ മാര്‍ച്ച് ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 104-105 രൂപ വരെ ഉയര്‍ത്തിയിരുന്നു.

ഇന്ധനവിലയും ഇന്നലെ വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. നാലര മാസത്തിന് ശേഷമാണ് ഇന്ധന വില ഉയര്‍ത്തുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 105 രൂപ 18 പൈസയും,ഡീസലിന് 92 രൂപ 40 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 23 പൈസയും, ഡീസലിന് 94 രൂപ 32 പൈസയുമായി. കോഴിക്കോട് പെട്രോളിന് 105 രൂപ 45 പൈസയും, ഡീസലിന് 92 രൂപ 61 പൈസയുമാണ് വില. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്ധനവിലയില്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. റഷ്യ ഉക്രൈന്‍ യുദ്ധവും അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില ഉയരാന്‍ കാരണമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന് 117 ഡോളറാണ് വില.