ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, ശക്തമായ ന്യുനമര്‍ദ്ദമായേക്കും; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യത. സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചു.

03.09.2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
04.09.2023 : ആലപ്പുഴ, എറണാകുളം
05.09.2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
06.09.2023 : എറണാകുളം, ഇടുക്കി
07.09.2023 : ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.