തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്രന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ട്. ഒക്ടോബർ 17 മുതൽ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കും. അടുത്ത 5 ദിവസം ഇടി മിന്നലിനും 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം (5-15mm/hr) മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.







