കേരളത്തിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നു; ആർ.എസ്.എസിനും എസ്.ഡി.പി.ഐയ്ക്കും എതിരെ കോടിയേരി

കേരളത്തിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ എസ്.ഡി.പി.ഐയും ആർ.എസ്.എസും ശ്രമിക്കുകയാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് പലയിടത്തും ആലപ്പുഴയിലേതിന് സമാനമായ സംഭവങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.

ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. വർഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണത്തോടെ നടന്ന കൊലപാതകങ്ങളായതിനാല്‍ പ്രതികളെ പിടികൂടാന്‍ സമയമെടുത്തേക്കും. എവിടെ പോയി ഒളിച്ചാലും പിടികൂടാൻ പൊലീസിന് കഴിയും. ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐക്ക് ആഹ്ളാദമാണ്. സി.പി.ഐ.എമ്മിൽ നുഴഞ്ഞു കയറാൻ എസ്.ഡി.പി.ഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാർ എല്ലാം എസ്.ഡി.പി.ഐ അല്ലെന്നും കോടിയേരി പറഞ്ഞു.

എച്ച്. സലാമിനെതിരായ ബി.ജെ.പി പ്രചാരണം തെറ്റാണ്. ബി.ജെ.പിക്കു മാത്രമേ ഇത്തരം പ്രചാരണം നടത്താന്‍ കഴിയൂ എന്നും കോടിയേരി കുറ്റപ്പെടുത്തി. വർ​ഗീയതയ്ക്കെതിരെ സി.പി.ഐ.എം ജനുവരി നാലിന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി കൂട്ടിചേർത്തു.