ഏത് ചെകുത്താനുമായും സി.പി.എം കൂട്ടുകൂടും, സാമുദായിക ധ്രുവീകരണം പിണറായിയുടെ കുത്തിത്തിരിപ്പ്: വി.ഡി സതീശൻ

കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിന് സിപിഎം വര്‍ഗീയ പാർട്ടിയായ ബി.ജെ.പിയെ കൂട്ടുപിടിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേ സമയം സഖ്യം ചേരാന്‍ മടിയില്ലാതായ സി.പി.എം നിലപാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്നും സതീശന്‍ പറഞ്ഞു.

എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി.പി.എം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കേരളത്തില്‍ സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖംമൂടി വലിച്ചുകീറപ്പെട്ടിരിക്കുന്നു. ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എം കോട്ടയത്ത് ബി.ജെ.പിയോടൊപ്പം ചേർന്നാണ് സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ കുത്തിത്തിരിപ്പാണ് ഇപ്പോഴത്തെ സാമുദായിക ധ്രുവീകരണത്തിന് കാരണമെന്നും സതീശന്‍ പ്രതികരിച്ചു.

Read more

യുഡിഎഫിന് എതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിൽ ബിജെപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന വാർത്തകളെ പരിഹസിച്ച് അബ്ദുറബ്ബും രംഗത്തെത്തി. കഴിഞ്ഞ ആഴ്ച ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിനെതിരെ എസ്‍ഡിപിഐ ആയിരുന്നു സിപിഎമ്മിന്റെ ഒക്കച്ചങ്ങായി. എന്നാൽ കോട്ടയത്ത് എത്തിയപ്പോൾ അത് ബിജെപിയായി എന്നുമാത്രം. വർഗീയ കക്ഷികൾ ഏതുമാവട്ടെ സിപിഎമ്മിന് അവരൊക്കെ യുഡിഎഫിനെ തകർക്കാനുള്ള ഒക്കച്ചങ്ങായിമാരാണെന്ന് അബ്ദുറബ്ബ് പറഞ്ഞു.