സര്‍ക്കാരിന്റെ കാരണങ്ങള്‍ പര്യാപ്തമല്ല; ലോകായുക്ത വിഷയത്തില്‍ വിയോജിപ്പ് പരസ്യമാക്കി സിപിഐ

ലോകായുക്ത നിയമഭേദഗതിയില്‍ വിയോജിപ്പ് വീണ്ടും പരസ്യമാക്കി സിപിഐ. ഓര്‍ഡിനന്‍സ് കൊണ്ടുവന്നവര്‍ അതിനായി നിരത്തിയ കാരണങ്ങള്‍ ഒന്നും തന്നെ പര്യാപ്തമല്ലെന്ന് സിപിഐ അസിസ്റ്റന്‍ഡ് സെക്രട്ടറി പ്രകാശ് ബാബു വിമര്‍ശിച്ചു. ലോകായുക്ത എന്ന പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാനുള്ള കമ്മിഷന്‍ ആരോപണ വിധേയനായ ഒരു പൊതുപ്രവര്‍ത്തകനില്‍ (മുഖ്യമന്ത്രി, മന്ത്രി, എംഎല്‍എ തുടങ്ങി ആരുമാകട്ടെ) തെളിവുകള്‍ സഹിതം ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ സ്ഥാനത്ത് തുടരണമെന്നു പറയുന്നത് രാഷ്ട്രീയത്തിലെ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതാണോ? അപ്പോള്‍ നിയമപരമായി കമ്മിഷന്റെ പ്രസ്താവന അംഗീകരിച്ച് സ്ഥാനം ഒഴിയുന്നതല്ലേ നല്ലത്. അദ്ദേഹം ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

ലോകായുക്ത നിയമത്തില്‍ ഭരണഘടന വിരുദ്ധത കണ്ടെത്തിയ കേരളത്തിലെ നിയമവിദഗ്ധര്‍ക്കെതിരെയും ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ പ്രകാശം ബാബു വിമര്‍ശിച്ചു. ഓര്‍ഡിന്‍സ് ബില്ലായി നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ ഭേഗഗതിയെ നിലവിലെ ഘടനയെ എതിര്‍ക്കാനാണ് സിപിഐ ആലോചന. ബില്ല് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാതെ ഓര്‍ഡിനന്‍സ് പുതുക്കാന്‍ ഇനി മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നാലും സിപിഐ വിയോജിപ്പ് അറിയിക്കും.

പ്രകാശ് ബാബുവിന്റെ ലേഖനത്തിലെ ഭാഗങ്ങള്‍

കേരള ലോകായുക്ത നിയമത്തിന് അസന്റ് (സമ്മതം) നല്‍കിയത് ഇന്ത്യന്‍ പ്രസിഡന്റാണ്. ഗവര്‍ണര്‍ അല്ല. ഇന്ത്യന്‍ പ്രസിഡന്റ് ഒരു ബില്ലിന് അസന്റ് നല്‍കുന്നതിന് മുന്‍പ് കേന്ദ്ര നിയമനീതിന്യായ വകുപ്പിന്റെ സസൂക്ഷ്മമായ പരിശോധന നടക്കുമെന്നെല്ലാവര്‍ക്കുമറിയാം. അവരാരും കണ്ടുപിടിക്കാത്ത ഭരണഘടനാ വിരുദ്ധത ”ലോകായുക്തയുടെ പ്രസ്താവന”യില്‍ കണ്ടെത്തിയ കേരളത്തിലെ നിയമ പണ്ഡിതരുടെ കണ്ടെത്തല്‍ അപാരമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

ലോകായുക്ത അടിസ്ഥാനപരമായി പൊതു പ്രവര്‍ത്തകര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിന്റെ നിയമപരമായ ജുഡീഷ്യല്‍ സ്വഭാവത്തെ വിലകുറച്ചു കാണരുത്. 1999 ല്‍ ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ നിയമ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞത്, ”ഇത് ഒരു ജുഡീഷ്യല്‍ കമ്മിഷന്‍ ആയിരിക്കണമെന്നാണ് ഗവണ്‍മെന്റിന്റെ ആഗ്രഹം”, അതുകൊണ്ടാണ് മുന്‍പുള്ള പല കമ്മിഷനുകളില്‍ നിന്നും വ്യത്യസ്ഥമായി മൂന്നംഗങ്ങളെയും ജുഡീഷ്യറിയില്‍ നിന്നു തന്നെയെടുത്തത്. തന്നെയുമല്ല, അദ്ദേഹം വിശദീകരിച്ചത്, ജഡ്ജസ് എന്തായാലും ഇതിന്റെ അന്വേഷണ പരിധിയില്‍ വരുന്നവരുമല്ല. അതിന്റെയര്‍ത്ഥം ലോകായുക്ത നിയമത്തിലെ ‘പബ്ലിക് മെന്‍’ നിര്‍വചനത്തില്‍ വരുന്നവര്‍ ലോകായുക്തയോ ഉപലോകായുക്തയോ ആകരുത് എന്നുകൂടിയാണ്.

Read more

ഒരു ജുഡീഷ്യല്‍ കമ്മിഷന്‍ നിയമാനുസൃതം കണ്ടെത്തുന്ന നിഗമനങ്ങളില്‍ മാറ്റം വരുത്താന്‍ എക്‌സിക്യൂട്ടീവിന് (ഗവണ്‍മെന്റിന്) അധികാരം കൊടുക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ ലംഘനമാണ്. ലോകായുക്ത എന്ന പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാനുള്ള കമ്മിഷന്‍ ആരോപണ വിധേയനായ ഒരു പൊതുപ്രവര്‍ത്തകനില്‍ (മുഖ്യമന്ത്രി, മന്ത്രി, എംഎല്‍എ തുടങ്ങി ആരുമാകട്ടെ) തെളിവുകള്‍ സഹിതം ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ സ്ഥാനത്ത് തുടരണമെന്നു പറയുന്നത് രാഷ്ട്രീയത്തിലെ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതാണോ? അപ്പോള്‍ നിയമപരമായി കമ്മിഷന്റെ പ്രസ്താവന അംഗീകരിച്ച് സ്ഥാനം ഒഴിയുന്നതല്ലേ നല്ലത്. കേരളീയ ജനതയുടെ മനഃസാക്ഷി അതു മാത്രമേ അംഗീകരിക്കുകയുള്ളൂ. വേണമെങ്കില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള ഉപവകുപ്പ് കൂട്ടി ചേര്‍ക്കണമെന്ന വാദം നമുക്ക് അംഗീകരിക്കാം. ഈ നിയമം ദുര്‍ബലപ്പെടുത്താനുള്ളതല്ല കൂടുതല്‍ ശക്തിപ്പെടുത്താനുള്ളതാണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരെങ്കിലും മറന്നുപോകരുത്.