'അമിത ജോലിഭാരം കാരണം രാജിവെക്കാനൊരുങ്ങി മണ്ഡലം പ്രസിഡന്റുമാർ, രാജീവ്‌ ചന്ദ്രശേഖറിന്റേത് കോർപ്പറേറ്റ് ശൈലി'; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന നേതൃയോഗം. രാജീവ്‌ ചന്ദ്രശേഖറിന്റേത് കോർപ്പറേറ്റ് ശൈലിയാണെന്നും അമിത ജോലിഭാരം കാരണം മണ്ഡലം പ്രസിഡന്റുമാർ രാജിവെക്കാനൊരുങ്ങുകയാണെന്നും നേതൃയോഗത്തിൽ വിമർശനമുയർന്നു. കമ്പനി പോലെ പാർട്ടി പ്രവർത്തനം നടത്തരുതെന്നും വിമർശനമുയർന്നു.

പാർട്ടി പ്രവർത്തകർക്ക് ടാർഗറ്റ് കൊടുക്കുന്ന രാജീവ്‌ ചന്ദ്രശേഖരൻ ശൈലിക്കെതിരെ ഓൺലൈനിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗത്തിലാണ് വിമർശനം ഉയർന്നത്. ടാർഗറ്റ് പൂർത്തിയാക്കാത്ത മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞ എംടി രമേശ്‌, എസ്‌ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം ഉയർന്നത്.

ശില്പശാല, വാർഡ് സമ്മേളനം തുടങ്ങിയ കാര്യങ്ങൾ നടത്താത്ത മണ്ഡലം പ്രസിഡന്റുമാരെ മാറ്റേണ്ടി വരുമെന്ന് എംടി രമേശ്‌ യോഗത്തെ അറിയിച്ചു. എന്നാൽ മണ്ഡലം പ്രസിഡന്റ്റുമാരും മനുഷ്യനാണെന്ന് ജെ ആർ പദ്മകുമാർ തിരിച്ചടിച്ചു. ഓണവും ശ്രീകൃഷ്ണ ജയന്തിയും മണ്ഡലം പ്രസിഡന്റുമാർക്കും ഉണ്ടെന്ന് എല്ലാവരും ഓർക്കണമെന്നും പാർട്ടി നേതൃത്വം ഓൾ ഇന്ത്യ റേഡിയോ പോലെ പെരുമാറരുതെന്നും ആർ പദ്മകുമാർ പറഞ്ഞു.

പ്രവർത്തകർക്ക് പറയാനുള്ളതും കേൾക്കണം. അവർ മെഷീൻ ആണെന്ന് വിചാരിക്കരുതെന്നും പദ്മകുമാർ വിമർശിച്ചു. എന്നാൽ പരിപാടി നടത്തിയില്ലെങ്കിലും തിയതി സംസ്ഥാന നേതൃത്വത്തെ അറിയിക്കേണ്ടത് മണ്ഡലം പ്രസിഡന്റുമാരുടെ കടമയാണെന്ന് എസ്‌ സുരേഷ് വാദിച്ചു. അതേസമയം ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നവർക്കേ മണ്ഡലം പ്രസിഡന്റുമാരുടെ കഷ്ടപ്പാടുകൾ അറിയുള്ളു എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോപകുമാറിൻ്റെ മറുപടി.

Read more