'സിപിഐഎം ചെയ്യുന്നതുപോലെ ആരോപണവിധേയരെ സംരക്ഷിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല, സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുന്നു'; ഷാഫി പറമ്പില്‍

പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പരസ്യപ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. സിപിഐഎം ചെയ്യുന്നതുപോലെ ആരോപണവിധേയരെ സംരക്ഷിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനാകില്ലെന്ന് പറഞ്ഞ ഷാഫി ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും അത് നേതൃത്വം അംഗീകരിച്ചെന്നും പറഞ്ഞു.

കോടതി തീരുമാനമോ എഫ്‌ഐആറോ അന്വേഷണമോ വരുന്നതിന് മുന്‍പുതന്നെ ആരോപണ വിധേയന്‍ രാജിസന്നദ്ധത അറിയിക്കുകയും ഉടന്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ഷാഫി പറഞ്ഞു. ഇത് സിപിഐഎം നേതാവായിരുന്നു ചെയ്തിരുന്നതെങ്കില്‍ കണ്ടോ എഫ്‌ഐആറില്ലാത്ത രാജി എന്ന് പറഞ്ഞ് ധാര്‍മികയുടെ ക്ലാസെടുത്തേനെ. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ആരോപണവിധേയന്‍ ഇപ്പോള്‍ തുടരുന്നില്ല. എന്നിട്ടും ഇപ്പോള്‍ കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കാനാണ് ഒരുകൂട്ടം ആളുകള്‍ ശ്രമിക്കുന്നതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

ഗോവിന്ദന്‍ മാഷിന്റെ ഉള്‍പ്പെടെ പ്രതികരണങ്ങള്‍ ജനം വിലയിരുത്തുന്നുണ്ട്. വിഷയത്തിന്റെ ധാര്‍മികതയാണ് ഇവരുടെ വിഷയമെങ്കില്‍ രാജി ഉണ്ടായിട്ടുണ്ട്. ഇനി കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ല. സര്‍ക്കാരിന്റെ മോശം ചെയ്തികളെ വിമര്‍ശിക്കുന്നതില്‍ നിന്ന് ഈ വിവാദം കൊണ്ടൊന്നും കോണ്‍ഗ്രസിനെ തടയാനാകില്ലെന്നും ഷാഫി പറഞ്ഞു. അതേസമയം സിപിഐഎം അജണ്ടയുടെ ഭാഗമായി ചില മാധ്യമങ്ങള്‍ നില്‍ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുലിനെതിരെ ആരോപണം വന്നപ്പോള്‍ താന്‍ ബിഹാറിലേക്ക് ഒളിച്ചോടി എന്ന് പറയുന്നത് ശരിയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ബിഹാറില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഗൗരവം അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങ എന്നും ആ യാത്രയില്‍ ഭാഗമാകുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകാന്‍ എളുപ്പമായതിനാലാണ് പാര്‍ലമെന്ററി സമ്മേളനം കഴിഞ്ഞുടന്‍ അങ്ങോട്ട് തിരിച്ചത്. ബിഹാറിലേക്ക് മുങ്ങി എന്ന് പറയുന്നത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Read more