കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വിറ്റു: എ. എ അസീസ്

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തറുടേത് പേയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി ആര്‍.എസ്.പി. പണം നല്‍കി വാങ്ങിച്ച സീറ്റാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. ന്യൂന പക്ഷ അംഗമായ എ.എ റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇറക്കിയെന്നാണ് ആരോപണം. ആര്‍.വൈ.എഫിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അസീസ്.

കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റിനായി നെട്ടോട്ടമോടുമ്പോള്‍ അവസാനം സീറ്റ കിട്ടിയത് ജെബി മേത്തറിനാണ്. മേത്തര്‍ കാശ് കൊടുത്ത് വാങ്ങിയ സീറ്റാണ്. മുസ്ലിം സമുദായത്തിലെ പെണ്ണ് ആയതിനാല്‍ എ.എ റഹീമിന് സി.പി.എം സീറ്റ് കൊടുത്തതിന് ബദലായാണ് മെത്തറിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്നാണ് അസീസ് പറഞ്ഞത്.

അസീസിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തരംതാണ പ്രസ്താവനയാണ് അസീസ് നടത്തിയതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. യുഡിഎഫില്‍ കുറെക്കാലമായി പ്രശ്നമുണ്ടാക്കാന്‍ അസീസ് ശ്രമിക്കുകയാണെന്നും, അസീസിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും, ആലുവ നഗരസഭ ഉപാധ്യരക്ഷയുമായ ജെബി മേത്തറെ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ജെബി മേത്തറിനെ തിരഞ്ഞെടുത്തത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കെ ഹൈക്കമാന്‍ഡിന് നല്‍കിയ ലിസ്റ്റില്‍ നിന്ന് ജെബിയെ തിരഞ്ഞെടുക്കുകയായിരുന്നു. ജെബിക്ക് പുറമേ എം.ലിജു, എം.എം ഹസന്‍ എന്നിവരുടെ പേരുകളായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.