കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ വീഴ്ചയില്ലെന്ന് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു വീണു യുവതി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ച് കോട്ടയം കളക്ടർ ജോൺ വി സാമുവേൽ. അപകടത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ലെന്നും കെട്ടിടത്തിന് മുൻപ് ബലക്ഷയം ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ബാത്ത്റൂം ആണ് തകർന്നത്. ഇതാകട്ടെ കെട്ടിടം നിർമ്മിക്കുമ്പോൾ ഉണ്ടായിരുന്നതല്ല, പിന്നീട് നിർമിച്ചതാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു.