സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ ഇ ഡി പരിശോധിക്കുന്നു. തിരുവനന്തപുരത്തെ HDFC ബാങ്കിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ED ചോദ്യം ചെയ്തിരുന്നു. ലോക്കർ വിവരങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. തുടർന്നാണ് ഇന്നലെ ഹാജരാകാൻ നിർദേശം നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് കോടി 74 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് വീണ പ്രധാനമായും ബോധിപ്പിക്കേണ്ടി വന്നത്. ഈ തുക ഏതൊക്കെ വഴിയിലൂടെ വന്നു, എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളിൽ ഇഡി വിശദമായ മറുപടി തേടി.