മുഖ്യമന്ത്രി ഡൽഹിയിൽ; അമിത്‍ ഷാ, ജെപി നദ്ദ, നിതിൻ ഗഡ്കരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി

വയനാട് ദുരന്തത്തിൽ കൂടുതൽ സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യതലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. അരമണിക്കൂർ നേരം അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ പ്രതികരിച്ചില്ല. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. എയിംസ് ആവശ്യവുമായാണ് ആരോഗ്യമന്ത്രിയായ നദ്ദയെ കണ്ടത്.

ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ തുടരുന്ന മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയേയും കാണും. ശബരിമല സ്വർണപ്പാളി വിവാദം കേരളത്തിൽ കത്തി നിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. വയനാട് ദുരന്തത്തിൽ കേന്ദ്രം കൂടുതൽ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിലെ പ്രധാന ആവശ്യം.

Read more

അപൂർവ അവസരങ്ങളിൽ മാത്രമേ ഔദ്യോഗിക വസതിയിൽ അമിത്ഷാ കൂടിക്കാഴ്ച അനുവദിക്കാറുള്ളൂ. സാധാരണ ഔദ്യോഗിക കൂടിക്കാഴ്ചകൾ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്. മുഖ്യമന്ത്രി അമിത് ഷായെ കണ്ടത് കൃഷ്ണമേനോൻ മാർഗിലെ വസതിയിലാണ്. മന്ത്രിമാരായ കെഎൻ ബാലഗോപാലും മുഹമ്മദ് റിയാസും ഡൽഹിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്.