‘പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ല, തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നു’; ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ

മലയാറ്റൂരിൽ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ പൊലീസിനെതിരെ ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ലെന്നാണ് ആരോപണം. പെൺകുട്ടിയുടെ ബന്ധു ശരത് ലാൽ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുവെന്നും പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ ആരോപിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. തലക്ക് അടിയേറ്റതായി ഇൻക്വസ്റ്റിൽ വ്യക്തമായി. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ചിത്രപ്രിയയെ കാണാനില്ല എന്ന് കാണിച്ച് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു.

ആൺസുഹൃത്ത് അലനൊപ്പം ചിത്രപ്രിയ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമായി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പൊലീസ് വീണ്ടും വിളിപ്പിച്ചത്. ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് അലൻ കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബംഗളൂരുവിൽ പഠിക്കുന്ന ചിത്രപ്രിയക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു. കൊല്ലപ്പെടുന്നതിന് മുൻപ് ചിത്രപ്രിയയും അലനും തമ്മിൽ പിടിവലിയുണ്ടായി. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തര്‍ക്കമുണ്ടായത്. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊല നടത്തിയത്.

ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനമെന്നായിരുന്നു പോസ്റ്റുമാർട്ടം റിപ്പോർട്ട്. ചിത്രപ്രിയയുടെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കാണെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിൽ ഒന്നിൽ കൂടുതൽ തവണ അടിയേറ്റ മുറിവുകൾ ഏറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു.

Read more