ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങി; ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തു

ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങിയിരുന്നെന്ന് വിവരം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് അറിയുന്നത്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞിരുന്നു.

ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫിയെന്നും കൊല്ലപ്പെട്ടവരുടെ സാമ്പത്തിക ബുദ്ധിമുട്ട് തന്ത്രപൂര്‍വ്വം പ്രതി മുതലെടുക്കുകയായിരുന്നെന്നും കമ്മീഷണര്‍ പറഞ്ഞു. ഇത് സാധാരണ കേസല്ലെന്ന് പൊലീസിന് ആദ്യമേ ബോധ്യമായി. ഷാഫിയാണ് ഇതിന്റെ മുഖ്യ ആസൂത്രകന്‍. ശ്രീദേവി എന്ന വ്യാജ പേരിലുണ്ടാക്കിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷാഫി ഭഗവല്‍ സിംഗുമായി പരിചയപ്പെടുന്നത്. പിന്നീട് ‘ശ്രീദേവിയിലൂടെ’ ഭഗവല്‍ സിംഗുമായി പ്രണയത്തിലായി. 2019 മുതല്‍ ഷാഫി ഭഗവല്‍ സിംഗും കുടുംബവുമായി ബന്ധം പുലര്‍ത്തിവരുന്നു. ദമ്പതികളെ ഒരോന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഷാഫി സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടാക്കി ആനന്ദം കണ്ടെത്തുന്നയാളാണ്. ഷാഫി സഞ്ചരിക്കാത്ത നാടില്ല. ആറാം ക്ലാസാണ് വിദ്യാഭ്യാസം. ഷാഫി മുമ്പും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. പത്തോളം കേസുകള്‍ ഷാഫിയുടെ പേരിലുണ്ട്. പ്രതികളിലേക്ക് എത്താന്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളാണെന്നും കമ്മീഷണര്‍ പറഞ്ഞു.

പ്രതികള്‍ കൊലപാതകത്തിന് ശേഷം ഇരകളുടെ മാംസം കറിവെച്ച് കഴിച്ചെന്ന വിവരം ഉണ്ടെന്നും  ഇതിന്‍റെ തെളിവ് ശേഖരിക്കുകയാണെന്നു കമ്മീഷണര്‍ വ്യക്തമാക്കി. കേസില്‍ മൂന്ന് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.