'എട്ടുമുക്കാൽ അട്ടിവെച്ചപോലെ'; പ്രതിപക്ഷ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രിയുടെ ബോഡിഷെമിങ്, ഉയരക്കുറവിനെ പരിഹസിച്ചത് നിയമസഭയിൽ

ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ മറുപടിപ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷ എംഎൽഎയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനിരയിലെ ഒരു എംഎൽഎയ്ക്കെതിരേ അദ്ദേഹത്തിൻ്റെ ഉയരത്തിൻ്റെ പേരിലായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

‘എന്റെ നാട്ടിലൊരു വർത്തമാനമുണ്ട്. എട്ടുമുക്കാൽ അട്ടിവെച്ചപോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതിൽ ആക്രമിക്കാൻ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോൾ എല്ലാവർക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയാണ്. അതും വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം’- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

Read more

ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ മറുപടിപ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ ബോഡിഷെമിങ്. ശബരിമല സ്വർണപ്പാളി വിഷയത്തിൽ രണ്ടുദിവസമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ വിമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. തുടർന്ന് പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.