സമസ്തയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടമുണ്ട്; സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിനു വെളിച്ചം നല്‍കാന്‍ കഴിയാത്ത സംഘടനകള്‍ക്കാണ് നിലനില്‍പ്പ് ഇല്ലാത്തതെന്നും സമസ്തയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടം ഉണ്ടെന്നും പിണറായി പറഞ്ഞു. ചുരുക്കം ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ പോലും അത് കാണുന്നില്ല. തിരുത്തല്‍ വേണ്ടവ തിരുത്തി മുന്നേറാന്‍ ഇനിയും സമസ്തക്ക് കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസമേഖലയില്‍ സമസ്തയുടെ പങ്ക് വലുതാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാെന്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതക്ക് കഴിയില്ല. ഇരുട്ടിനെ നേരിടേണ്ടത് വെളിച്ചം കൊണ്ടാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം സമുദായത്തിന് എതിരല്ല. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരാണത്. സമസ്തയെന്തെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.

Read more

സര്‍ക്കാരില്‍ നിന്നും ദുരനുഭവം സമസ്തക്കും ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു. അതേസമയം ചടങ്ങില്‍ സ്‌കൂള്‍ സമയമാറ്റത്തെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ വിമര്‍ശിച്ചിരുന്നു. സ്‌കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.