കേരളത്തില്‍ രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യം വ്യാപകമാകുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്; പരിശോധന കര്‍ശനമാക്കി

രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം സംസ്ഥാനത്ത് വ്യാപകമാകുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് മീന്‍ മാര്‍ക്കറ്റില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു. വടക്കന്‍ കേരളത്തിലേക്ക് അമോണിയയും ഫോര്‍മാലിനും ചേര്‍ന്ന മത്സ്യങ്ങള്‍ ധാരാളമായി എത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ അടങ്ങിയ മത്സ്യങ്ങള്‍ മാര്‍ക്കറ്റിലെത്താന്‍ തുടങ്ങിയിരിക്കുന്നത്.

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളാണ് പലയിടത്തു നിന്നും പിടിച്ചെടുത്തത്. കോഴിക്കോട് മീന്‍ മാര്‍ക്കറ്റുകളിലും മത്സ്യം കയറ്റി വരുന്ന ലോറികളിലും ഭക്ഷ്യവകുപ്പ് പരിശോധന കര്‍ശനമാക്കി.

ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ കഴിഞ്ഞ വര്‍ഷം രാസവസ്തുക്കളടങ്ങിയ മത്സ്യം പിടിച്ചെടുത്തിരുന്നു. ഓപ്പറേഷന്‍ ഇത്തവണയും തുടരാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. 28,000 കിലോ മത്സ്യമാണ് ഭക്ഷ്യയോഗ്യമല്ലാത്ത നിലയില്‍ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തത്.