ചന്ദ്രിക കള്ളപ്പണ കേസ്: മുഈനലി തങ്ങള്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാവില്ല

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈനലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മൊഴിയെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുഈനലി അന്വേഷണ ഉദ്യോഗസ്ഥന് ഇമെയില്‍ അയക്കുകയായിരുന്നു.

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് മുഈനലിയോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാനുള്ള പുതിയ തിയതി ചൂണ്ടിക്കാട്ടി ഇ.ഡി പുതിയ നോട്ടീസ് പുറപ്പെടുവിക്കും.

ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഈനലി ആരോപിച്ചിരുന്നു. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നായിരുന്നു നേരത്തെ മുഈൻ അലി ഉന്നയിച്ച പ്രധാന ആരോപണം. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു. സമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഇ‍ഡി നേരത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു.