ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് ടി. പി സെന്‍കുമാര്‍; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകൾക്കെതിരെ ഉയർന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സർക്കാർ. ഭരണസമിതി അംഗവും മുൻ ഡി.ജി.പി.യുമായ ടി.പി. സെൻകുമാർ ആണ് പരാതി നൽകിയത്. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ വീഴ്ചകള്‍ സംഭവിച്ചുവെന്നും ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതു കൊണ്ടാണെന്നും സെൻകുമാർ ആരോപിക്കുന്നു. സംസ്ഥാന മുൻ വിജിലൻസ് കമ്മീഷണറും ഡി.ജി.പി. കേഡറിലുള്ള ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഉൾപ്പെടെ മൂന്നംഗസംഘമാണ് അന്വേഷിക്കുക.

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഡോ. ഗോവർദ്ധൻ മേത്ത, നിംഹാൻസ് ഡയറക്ടറും വൈസ് ചാൻസലറുമായ ഡോ. ബി.എൻ. ഗംഗാധരൻ എന്നിവരാണ് മറ്റംഗങ്ങൾ.  ജനുവരി 31-നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് അണ്ടർ സെക്രട്ടറി ടി. ലളിത്കുമാർ സിംഗിന്റെ നിർദേശം.

കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ ഭരണസമിതിയിലുണ്ട്. “നിയമനത്തിൽ സ്വജനപക്ഷപാതം. പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല. നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്കു പോലും ശ്രീചിത്രയിൽ ജോലി കിട്ടില്ല. അവരെ തഴഞ്ഞ് താഴ്‌ന്ന യോഗ്യതയുള്ളവരെ എടുക്കും. തിരഞ്ഞെടുപ്പു സമിതിയിൽ ആ വിഭാഗത്തിൽ നിന്നുള്ളവർ വേണമെന്നുണ്ടെങ്കിലും അവർക്ക് അഭിമുഖത്തിൽ മാർക്കിടാനുള്ള അധികാരം നൽകാറില്ല. ഫലത്തിൽ അവർ കാണികളായിമാറുന്നു. നിസ്സാര കാര്യങ്ങൾക്കു പോലും ഡോക്ടർമാർക്ക് മെമ്മോ നൽകും. പലരും ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുമ്പോഴാകും മെമ്മോ കിട്ടുക. ഇത് മനഃസാന്നിധ്യം നഷ്ടമാക്കും.  ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരെ പരാതി നൽകാനുള്ള സംവിധാനമില്ല. രാത്രി ഒൻപതു മണി വരെ ഒ.പി. നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലു മണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായി”- തുടങ്ങി നിരവധി ആരോപണങ്ങളാണ് സെൻകുമാർ  പരാതിയിൽ ഉന്നയിക്കുന്നത്.

അതേസമയം ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നാണ് ശ്രീചിത്ര അധികൃതർ പറയുന്നത്. നിയമനങ്ങളും സ്ഥാനക്കയറ്റവും അടക്കമുള്ള നടപടി നിർവഹിക്കുന്നത് അതത് ഉന്നതാധികാര സമിതികളാണ്.  ഒരാൾക്കു മാത്രമായി നിയമനകാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.