'മാമാ ഇത് ശരിയാണോ'? ക്ഷേത്ര മതിലില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും. പ്രതി ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പൂവച്ചല്‍ സ്വദേശികളായ അരുണ്‍ കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് 30ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിശേഖര്‍ കൂട്ടുകാര്‍ക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ബാള്‍ ഷെഡില്‍ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു പ്രതി കാറിടിച്ച് കൊലപ്പെടുത്തിയത്.

ആദ്യം വാഹനാപകടം എന്ന നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ബോധപൂര്‍വ്വം ഇയാള്‍ കുട്ടിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നത് കേസിന് വലിയ മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നു. ഇതുകൂടാതെ പ്രതിയ്ക്ക് കുട്ടിയോടുള്ള വൈരാഗ്യത്തെ കുറിച്ച് മാതാപിതാക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നു.

ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. മാമാ, ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ എന്ന ആദിശേഖറിന്റെ ചോദ്യമാണ് പ്രതിയുടെ പകയ്ക്ക് കാരണമായത്. പ്രതി ലഹരിയ്ക്ക് അടിമയാണെന്നും കൃത്യം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Read more

ആദി ശേഖറിനെ അരമണിക്കൂറോളം വഴിയില്‍ കാത്തുനിന്നാണ് പ്രതി വാഹനമിടിച്ച് വീഴ്ത്തിയിട്ട് കടന്നുപോയത്. സംഭവത്തിനുശേഷം തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രിയരഞ്ജനെ കന്യാകുമാരിയില്‍ നിന്നാണ് പിടികൂടിയത്. എന്നാല്‍ കോടതിവിധിയില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും സമൂഹത്തിനുള്ള സന്ദേശമായി വിധി മാറണമെന്നും ആദിശേഖരന്റെ പിതാവ് പ്രതികരിച്ചു.