നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ ജൂലൈ 15 നാണ് രാജസ്ഥാന്‍ പൊലീസ് കേസ് എടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം ചെയ്ത് വരികയാണ് തോമസ് ജോര്‍ജ്. പ്രാര്‍ത്ഥനക്കിടെ പള്ളി പൊളിക്കാന്‍ ബജ്‌റഗ്ദള്‍, ആര്‍എസ്എസ്, ബിജെപി, ഹനുമാന്‍സേന പ്രവര്‍ത്തകര്‍ എത്തിയെന്നും പൊലീസ് എത്തി ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയതെന്നും തോമസ് ജോര്‍ജ് പറഞ്ഞു. പിന്നീട് ആറാം തിയ്യതി അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ജെസിബിയുമായി പള്ളി പൊളിക്കാന്‍ എത്തിയെന്നും തോമസ് ജോര്‍ജ് പറയുന്നു.


