സെന്‍കുമാറിന്റെ ആരോപണങ്ങള്‍ വ്യാജം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിച്ചു

ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിച്ചു. സെന്‍കുമാറിന്റെ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്. ഗൂഡാലോചന, കൈയ്യേറ്റം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ തെറ്റാണെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് കേസ് പരിഗണിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പിജി സുരേഷ് കുമാറിനും കലാപ്രേമി ബ്യൂറോ ചീഫ് കടവില്‍ റഷീദിനുമെതിരായാണ് മുന്‍ ഡിജിപിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നത്. കേസ് അവസാനിപ്പാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു. പൊലീസിന്റേത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവും നിയമസഭയില്‍ നിലപാടെടുത്തിരുന്നു.

കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവില്‍ റഷീദിനെ സെന്‍കുമാര്‍ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇതിനെതിരെ കടവില്‍ റഷീദ് പരാതി നല്‍കിയില്ലെങ്കിലും നാലു ദിവസം പിന്നിട്ടിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിര്‍ദേശ പ്രകാരം സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.

ഇതിന് പിന്നാലെ എതിര്‍പരാതിയുമായി സെന്‍കുമാറും രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പിജി സുരേഷ് കുമാര്‍ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെന്‍കുമാറിന്റെ പരാതി. സിറ്റി പോലീസ് കമ്മീഷ്ണറര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ പിജി സുരേഷ് കുമാറിനെതിരേയും കടവില്‍ റഷീദിനെതിരേയും കേസെടുത്തത്.