യുദ്ധക്കളമായി തലസ്ഥാനം; സമര വേദിക്കരികില്‍ ടിയര്‍ ഗ്യാസിട്ട് പൊലീസ്; കെ സുധാകരന് ദേഹാസ്വാസ്ഥ്യം; പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് വിഡി സതീശന്‍

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എട്ട് തവണയാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചത്.

മാര്‍ച്ചിനിടെ നവകേരള സദസിന്റെ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ക്ക് മുകളിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ച വേദിയ്ക്ക് പിന്നില്‍ ടിയര്‍ ഗ്യാസുകള്‍ പതിച്ചതോടെ വിഡി സതീശന്‍ പ്രസംഗം പാതി വഴിയില്‍ ഉപേക്ഷിച്ചു. പൊലീസിന് നേരെ വനിതാ നേതാക്കള്‍ ഉള്‍പ്പെടെ കല്ലേറ് നടത്തുന്നുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ച് പ്രതിഷേധിക്കുകയാണ്.