സിഎഎ ഭരണഘടന വിരുദ്ധവും ജനവിരുദ്ധ വര്‍ഗീയ അജണ്ടയും; കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ ഭരണഘടന വിരുദ്ധവും ജനവിരുദ്ധ വര്‍ഗീയ അജണ്ടയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് നിയമം. വിഭജന രാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ഹീന നടപടിയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിലൂടെ ഭരണഘടനമൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതാണ് നിയമം. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറാണ് പൗരത്വ ഭേദഗതി നിയമത്തിന് പിന്നിലെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കുടിയേറ്റക്കാരെ എങ്ങനെയാണ് മുസ്ലീങ്ങളെന്നും മുസ്ലീം ഇതര വിഭാഗങ്ങളെന്നും വേര്‍തിരിക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി മൗലിക അവകാശങ്ങളെ ഹനിക്കുന്ന ഒരു നിയമവും ഒരു സര്‍ക്കാരിനും കൊണ്ടുവരാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് കേന്ദ്ര ലക്ഷ്യമെന്നും പിണറായി അഭിപ്രായപ്പെട്ടു.

സിഎഎ റദ്ദാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള നിയമസഭയാണ്. അന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് പ്രതിപക്ഷം തയ്യാറായില്ല. പാര്‍ലമെന്റില്‍ സിഎഎയ്‌ക്കെതിരെ മൗനം പാലിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ശബ്ദം ഉയര്‍ത്തിയത് എഎം ആരിഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.