ബ്രഹ്‌മപുരത്ത് തീപിടിച്ചതല്ല, പെട്രോള്‍ ഒഴിച്ച് കത്തിച്ചത്; പിന്നില്‍ സോണ്ടയും കോര്‍പ് റേഷനും; കൊച്ചിയെ 'കൊല്ലാന്‍' നോക്കിയതിന് പിന്നില്‍ അട്ടിമറി, വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചിയെ ഒരാഴ്ച്ച വിഷപ്പുക ശ്വസിപ്പിച്ച ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടെന്നു വിജിലന്‍സ്. ബയോമൈനിംഗ് കരാറെടുത്ത സോണ്ടയ്ക്കും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. റിപ്പോര്‍ട്ട് അടുത്ത ആഴ്ച്ച സര്‍ക്കാരിന് കൈമാറും.

മാലിന്യ അവശിഷ്ടങ്ങളില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതു നിര്‍ണായകതെളിവാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യ പ്ലാന്റിലേക്കു തരംതിരിച്ചാണു മാലിന്യം കൊണ്ടുവരുന്നതെന്നാണു കരാറുകാരായ സോണ്ട കമ്പനി രേഖകളില്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍, മാലിന്യമെത്തിക്കുന്നതു തരംതിരിക്കാതെയാണ്. വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടുവന്ന മാലിന്യം തരംതിരിച്ചാണു കൊണ്ടുവന്നതാണെന്ന് വിശ്വസിപ്പിക്കാനാണ് മാലിന്യ പ്ലാന്റിന് തീയിട്ടത്. സോണ്ടയുടെ കരാര്‍ അവാനിക്കുന്നതിന്റെ തലേദിവസമാണ് തീപിടുത്തം നടന്നത്.

കരാര്‍ പാലിക്കാത്തതിനു കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ വീണ്ടും കരാര്‍ ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് മാലിന്യങ്ങള്‍ക്ക് തീയിട്ടത്. ഇതിന് സംയുക്തമായി സോണ്ട കമ്പനി ഉടമകളും ജീവനക്കാരും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തിയത്. കൊച്ചി കോര്‍പറേഷനില്‍നിന്ന് 147 ഫയലുകള്‍ പിടിച്ചെടുത്തിരുന്നു.