സമസ്തയ്ക്ക് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ; പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിലും നവകേരള സദസിലും പങ്കെടുക്കുമെന്ന് ഉമര്‍ ഫൈസി മുക്കം

സമസ്തയ്ക്ക് സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ മുന്നണികള്‍ ഒരുപോലെയെന്ന് ഉമര്‍ ഫൈസി മുക്കം. യുഡിഎഫും എല്‍ഡിഎഫും ഭരണ സംവിധാനങ്ങളുടെ ഭാഗമാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നും യുഡിഎഫില്‍ ആയാലും എല്‍ഡിഎഫില്‍ ആയാലും ഒരു പോലെയാണെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.

കമ്യൂണിസ്റ്റുകളെ അംഗീകരിക്കുന്നുവെന്ന് തന്റെ പ്രസ്താവനയ്ക്ക് അര്‍ത്ഥമില്ലെന്നും കമ്യൂണിസം മതനിരാസമാണെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നടത്തുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും പറഞ്ഞ സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറി സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസിലും ക്ഷണമുണ്ടെന്നും അതിലും പങ്കെടുക്കുമെന്നും അറിയിച്ചു.

അതേ സമയം ബാങ്ക് വഴി എല്‍ഡിഎഫിലേക്ക് പോകേണ്ടതില്ലെന്ന സാദ്ദിഖലി തങ്ങളുടെ പരാമര്‍ശത്തിന് പരിഹാസമായിരുന്നു സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മറുപടി. തങ്ങളുടെ പരാമര്‍ശത്തില്‍ വ്യക്തതയില്ലെന്നും അപ്പുറത്ത് വിശാലമായ വഴിയുണ്ടാകുമെന്നാവും ഉദ്ദേശിച്ചതെന്നും ഉമര്‍ ഫൈസി പരിഹസിച്ചു.

പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങള്‍ മുന്നണി മാറ്റത്തെ കുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നു. മുസ്ലീം ലീഗ് ഒരിഞ്ച് പോലും വഴിമാറി നടക്കില്ലെന്ന് അറിയിച്ചിരുന്നു. മുന്നണി മാറാന്‍ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ലെന്ന് സാദ്ദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയെയാണ് ഉമര്‍ ഫൈസി പരിഹസിച്ചത്.