'കേന്ദ്ര ഭരണത്തിൽ ജനങ്ങൾ ഭയപ്പാടിൽ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ബിജെപി പീഡിപ്പിക്കുന്നു'; മുഖ്യമന്ത്രി

രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടിയപ്പോൾ കേരളത്തിലെ ജനങ്ങളിൽ ഉൽക്കണ്ഠ ഉണ്ടായി. ബിജെപിയുടെ ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ ബി ജെ പിയെ ഇവിടെ തിരസ്കരിച്ചതാണ്. ബിജെപിയുടെ ഭരണം ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കി. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയർന്നു. അമേരിക്കയുo ജർമ്മനിയും വരെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ബിജെപി തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്ന നീക്കമാണ് ബിജെപിയുടേത്. ദേശീയോഗ്രത്ഥനം വലിയ അപകടത്തിലായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളം നിരവധി പ്രശ്നങ്ങൾ നേരിട്ടപ്പോൾ കോണ്‍ഗ്രസ് എംപി മാർ ശബ്ദിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് സംസ്ഥാനത്തെ കുറ്റം പറയുകയാണ് ചെയ്തത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. പ്രധാനമന്ത്രി ആയി രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു. സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരായപ്പോൾ കോൺഗ്രസിന് വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ പ്രാവശ്യം ജനം ചിന്തിച്ചു. എന്നാൽ ശരാശരി കേരളീയനോടെങ്കിലും നീതി ചെയ്യാൻ ജയിച്ചവർക്ക് കഴിഞ്ഞില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീകമാണിത്. കടമെടുക്കാനുള്ള അവകാശം നിഷേധിച്ചതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിന്‍റെ വാദങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതിൽ ഒന്നാം പ്രതി ബിജെപി സർക്കാരാണ്. അതിന് തപ്പു കൊട്ടികൊടുത്തവരാണ് കോൺഗ്രസുകാരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനത്തിനാണ് തുടക്കമായത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു ലോക്സഭാ മണ്ഡലത്തിൽ മൂന്ന്റാലികൾ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനുവേണ്ടിയുള്ള പ്രചാരണ യോഗത്തിലാണു പര്യടനത്തിനു തുടക്കമിട്ടത്. പര്യടനം പൂർത്തീകരിക്കുമ്പോൾ സംസ്ഥാനത്തുടനീളം 60 പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും.