'ജലീൽ രാജ്യസുരക്ഷാ നിയമങ്ങൾ കാറ്റിൽപറത്തി': പ്രധാനമന്ത്രിക്ക് കത്തയച്ച് ബെന്നി ബെഹനാൻ

മന്ത്രി കെ.ടി ജലീലിൽ രാജ്യസുരക്ഷാ നിയമങ്ങൾ കാറ്റിൽപറത്തി എന്ന് പരാതിപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജലീൽ ഫോൺ വിളിച്ചതായുള്ള വിവരങ്ങൾ പുറത്തു വന്നത് നേരത്തെ വിവാദമായിരുന്നു. ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റിന്റെ ലംഘനം മന്ത്രി നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ബെന്നി ബെഹനാൻ ഇപ്പോൾ മോദിക്ക് പരാതി നൽകിയിരിക്കുന്നത്.

യു.എ.ഇ കോൺസൽ ജനറൽ സ്പോൺസർ ചെയ്ത അഞ്ചുലക്ഷം രൂപയുടെ കിറ്റിനായി കോൺസൽ ജനറൽ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കൺസ്യൂമർഫെഡിൽ അടച്ചതായും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ തന്നെ വ്യക്തമാക്കിയിരുന്നു. തന്നിഷ്ടപ്രകാരം സാമ്പത്തികമടക്കമുള്ള വിഷയങ്ങളിൽ വിദേശരാജ്യങ്ങളുമായി നേരിട്ടിടപെട്ട മന്ത്രിക്കെതിരെ നടപടി എടുക്കണമെന്നാണ് ബെന്നി ബെഹനാൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെറ നിയമത്തിന്‍റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിർമ്മാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയതും ചട്ടലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും ബെന്നി ബെഹനാൻ കത്തിൽ ചൂണ്ടിക്കാട്ടി.