ഐടി ജീവനക്കാര്‍ക്കായി മദ്യശാലകള്‍; മദ്യനയത്തിന് സിപിഎം അംഗീകാരം

ഐ.ടി മേഖലയിലെ ജീവനക്കാര്‍ക്കായി മദ്യശാലകള്‍ ആരംഭിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. മദ്യനയത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടെ എക്‌സൈസ് പരിശോധിക്കും. ശേഷം പുതിയ മദ്യനയം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും.

ഐടി മേഖലയിലെ ജീവനക്കാര്‍ക്കായുള്ള മദ്യശാലകള്‍ക്ക് ജീവനക്കാരുടെ എണ്ണവും വാര്‍ഷിക വിറ്റ് വരവും പരിഗണിച്ചാകും ലൈസന്‍സ് നല്‍കുക.
തിരക്ക് നിയന്ത്രിക്കുന്നതിനായി 175 പുതിയ മദ്യശാലകള്‍ ആരംഭിക്കണം എന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശവും ഭേദഗതികളോടെ അംഗീകരിച്ചു.സ്ഥല സൗകര്യമുള്ള ഇടങ്ങളില്‍ ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ മാത്രം പുതിയ ഷോപ്പുകള്‍ ആരംഭിക്കും.

ബാര്‍, ക്ലബ്ബ് ലൈസന്‍സ് ഫീസ് എന്നിങ്ങനെയുള്ള ഫീസുകളില്‍ ചെറിയ വര്‍ധനവ് ഉണ്ടാകും. കള്ളുചെത്തി എടുക്കുന്നത് മുതല്‍ ഷാപ്പുകളിലെ വില്‍പന ഘട്ടം വരെ നിരീക്ഷിക്കാന്‍ ‘ട്രാക്ക് ആന്‍ഡ് ട്രെയ്‌സ്’ സംവിധാനം നടപ്പിലാക്കും. തെങ്ങുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വ്യാജക്കള്ള് വില്‍പ്പന നടത്തുന്നത് തടയാനാണ് ഈ തീരുമാനം.

കള്ളുഷാപ്പുകളുടെ ദൂര പരിധി വര്‍ധിപ്പിക്കാനും മദ്യനയത്തില്‍ നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിനായി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളും പ്രഖ്യാപിക്കും.