ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം; ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെടാൻ ബംഗ്ലാദേശ്

ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ വധശിക്ഷക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് രേഖാമൂലം ആവശ്യപ്പെടും. ജെൻ സി പ്രക്ഷോപത്തിന് പിന്നാലെ നിലവിൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന. ഇന്നലെയാണ് ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചത്. അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല എന്നാണ് സൂചന.

കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി രാഷ്ട്രീയ കാരണങ്ങളാലുള്ള കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ കോടതി വിധി തള്ളിയ ഷെയ്ഖ് ഹസീന ഇന്ത്യ വിടില്ലെന്ന് അറിയിച്ചു. തനിക്കെതിരായ നടപടികൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസും അദ്ദേഹത്തോടൊപ്പമുള്ളവരും ചേർന്ന് തന്നെ ശിക്ഷിക്കാൻ നടത്തിയ ഗൂഢാലോചന ആണിതെന്നും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.

ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് വിധി പറഞ്ഞത്. കേസിൽ ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്‌തുവെന്ന് വ്യക്തമാക്കിയ കോടതി വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിയാമായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിരുന്നത്. കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്.

Read more