പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യം എന്ന് മുതല്‍ എസ്.എഫ്‌.ഐ ഏറ്റെടുത്തു; ബാബറി അനുസ്മരണ പോസ്റ്റിന് എതിരെ സന്ദീപ് വാര്യര്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യം എന്ന് മുതലാണ് എസ്എഫ്‌ഐ ഏറ്റെടുത്തതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനമായ ഡിസംബര്‍ ആറിന് എസ്എഫ്‌ഐ കേരള ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെയാണ് സന്ദീപ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തൊരിക്കല്‍ പോലും എസ്എഫ്‌ഐ ഈ മുദ്രാവാക്യം മുഴക്കിയിട്ടില്ല എന്നോര്‍ക്കണമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോപ്പുലര്‍ ഫ്രണ്ട് മൊഡ്യൂളുകള്‍ സിപിഐഎമ്മിന്റെ വര്‍ഗ ബഹുജന സംഘടനകള്‍ക്കുള്ളില്‍ ആധിപത്യമുറപ്പിച്ചതിന്റെ തെളിവാണ് എസ്എഫ്‌ഐ ഔദ്യോഗിക പേജില്‍ വന്ന ഈ പോസ്റ്ററെന്നും സന്ദീപ് ആരോപിച്ചു.

ബാബറി മസ്ജിദ് തകര്‍ത്തിട്ട് 30 വര്‍ഷം പൂര്‍ത്തിയായ ഇന്നലെ അതിനെ അപലപിച്ച് എസ്എഫ്‌ഐയുടെ ഔദ്യോഗിക പേജില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. 1992 ഡിസംബര്‍ ആറിനായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് 1949 മുതലാണ് തുടര്‍ച്ചയായ പ്രശ്നങ്ങളുണ്ടാകുന്നത്. 1949 ഡിസംബറില്‍ പള്ളിക്കകത്ത് രാമന്റെ വിഗ്രഹം ‘പ്രത്യക്ഷപ്പെട്ട’തോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. പിന്നാലെയാണ് നിയമപോരാട്ടങ്ങളുടെ തുടക്കം. ഹാഷിം അന്‍സാരിയും നിര്‍മോഹി അഖാല എന്നിവര്‍ കോടതിയെ സമീപിച്ചു.
തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ പള്ളി പൂട്ടി.

പിന്നീട് നടന്നത് ചരിത്രം. എന്തായാലും 30 വര്‍ഷങ്ങല്‍ക്കിപ്പുറവും മുറിവുകള്‍ ഉണങ്ങിയിട്ടില്ല. വര്‍ഗീയതയും അവസാനിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം മധുരയിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതെങ്കില്‍ ഇത്തവണ തമിഴ്‌നാട്ടിലാണ് സുരക്ഷാ ക്രമീകരണങ്ങല്‍ ശക്തമാക്കിയിരുന്നത്. ഡി.ജി.പി ശൈലേന്ദ്രബാബുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പാട് ചെയ്തിരുന്നത്.