പെരിയ കേസിലെ മുഖ്യപ്രതിക്ക് സുഖചികിത്സ; ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സി.ബി.ഐ കോടതി

പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ. ഒന്നാം പ്രതിയും സിപിഎം നേടാവുമായ പീതാംബരനാണ് ചട്ടം ലഘിച്ച് 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കിയത്. സംഭവത്തില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാന്‍ സിബിഐ കോടതി നിര്‍ദ്ദേശിച്ചു. നാളെ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 2019 സെപ്റ്റംബറിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 21 പേരാണ് സിബിഐ അന്വേഷണത്തില്‍ പ്രതിസ്ഥാനത്തുള്ളത്. നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു.

ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. 19 പേര്‍ക്കെതിരേ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി. അഞ്ച് പേര്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുമാണ് കേസ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെതിരേ ചുമത്തിയത്.