ഔഷധി ചെയർമാൻ ഡോ. കെ. ആർ വിശ്വംഭരൻ അന്തരിച്ചു

ഔഷധി ചെയർമാൻ ഡോ. കെ ആർ വിശ്വംഭരൻ അന്തരിച്ചു. 72 വയസ്സായിരുന്നു. രാവിലെ പത്തോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കാർഷിക സർവകലാശാല മുൻ വൈസ്‌ ചാൻസലറാണ്‌. എറണാകുളം, ആലപ്പുഴ ജില്ലാ കലക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്‌.

മാവേലിക്കര സ്വദേശിയാണ്‌. മാവേലിക്കര ബിഷപ്പ്‌ മൂർ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, എറണാകുളം ഗവ. ലോ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാനറാ ബാങ്കിൽ ഓഫീസർ ആയി തുടക്കം. പിന്നീട്‌ ഫോർട്ട്‌കൊച്ചി തഹസിൽദാർ, പ്രോട്ടോക്കോൾ ഓഫീസർ, ഫോർട്ട്‌കൊച്ചി ആർഡിഒ, എറണാകുളം ജില്ലാ കളക്‌ടർ, ആലപ്പുഴ ജില്ലാ കളക്‌ടർ, ഡെപ്യൂട്ടി ഡയറക്‌ടർ ഹയർ എഡ്യൂക്കേഷൻ, ടെൽക്‌, റബ്ബർ മാർക്കറ്റ്‌ എം.ഡി എന്നീ നിലകളിൽ പ്രവർത്തിച്ചു. കാർഷിക സർവ്വകലാശാല വൈസ്‌ ചാൻസലറായി വിരമിച്ചു. കുറച്ചുകാലം എറണാകുളത്ത്‌ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്‌.

ദീർഘകാലം മഹാരാജാസ്‌ കോളജ്‌ ഓൾഡ്‌ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചു. കൊച്ചി കാൻസർ സെന്ററിനായി വി ആർ കൃഷ്‌ണയ്യർ മൂവ്‌മെന്റ്‌ നീക്കങ്ങൾ നടത്തിയപ്പോൾ അതിന്റെ വൈസ്‌ ചെർമാനായിരുന്നു. മാവേലിക്കര കാവില്‍ പരേതനായ കെ വി അച്യുതന്‍റെയും കെ എസ് തങ്കമ്മയുടെയും മകനാണ്‌. ഭാര്യ: കോമളം (എസ്‌ബിഐ റിട്ട.). മക്കൾ: അഭിരാമൻ, അഖില. മരുമക്കൾ: അഭികൃഷ്‌ണൻ, ഷബാന.