ഷാർജയിൽ തൂങ്ങി മരിച്ച അതുല്യയുടെ റീ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കുമെന്ന് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമാണ്. അതേസമയം അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സതീഷിനെതിരെ ഷാർജയിൽ നിയമ നടപടികൾ തുടങ്ങാനാണ് ബന്ധുക്കളുടെ നീക്കം.
അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിന്റെ വാദങ്ങള്‍ തെറ്റെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു. സതീഷ് പറയുന്നതിനെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്ത് വരും. താങ്ങാന്‍ പറ്റാത്ത ഉപദ്രവങ്ങള്‍ വരുമ്പോള്‍ ജീവനുള്ള ഏതൊരു വസ്തുവും തിരിച്ച് പ്രതികരിക്കില്ലേ. അങ്ങനെകൂട്ടിയാല്‍ മതി എന്നും പിതാവ് പറഞ്ഞു.
അതേസമയം അതുലയയുടെ മരണത്തിൽ റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ഷാർജയിലുള്ള അതുല്യയുടെ സഹോദരി ഉൾപ്പടെ ബന്ധുക്കളുടെ തീരുമാനം. ഇന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവരുമായും കുടുംബം ബന്ധപ്പെടും. അന്വേഷണത്തിന്പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ് തീരുമാനിച്ചു.







