കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് രണ്ടായിരം രൂപയിലേറെ വില വരുന്ന മീന്‍ വലിച്ചെറിഞ്ഞ് ഉദ്യോഗസ്ഥര്‍; തടയാൻ ശ്രമിച്ച മത്സ്യവിൽപനക്കാരിക്ക് പരിക്ക്

തിരുവനന്തപുരം ആറ്റിങ്ങലില്‍ റോഡരികില്‍ കച്ചവടം ചെയ്ത മത്സ്യത്തൊഴിലാളിയുടെ മീന്‍ നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞതായി പരാതി. അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സ വില്‍ക്കാനെത്തിച്ച  മീനാണ് നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.  ഉദ്യോഗസ്ഥരെ തടയുന്നതിനിടയില്‍ റോഡിലേക്ക് വീണ് ഇവർക്ക് പരിക്കേറ്റു. തുടർന്ന്  അല്‍ഫോണ്‍സയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരസഭാ പരിധിയിലുള്ള അവനവഞ്ചേരിയില്‍ വില്‍പനയ്ക്കു വെച്ച മീനാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ വലിച്ചെറിഞ്ഞത്. 2000 രൂപയിലേറെ വിലവരുന്ന മത്സ്യം കുട്ടയില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തി വില്‍പന ചോദ്യം ചെയ്ത് പലകയുടെ തട്ടില്‍ വെച്ചിരുന്ന മീന്‍ തട്ടോടു കൂടി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മീന്‍ വലിച്ചെറിഞ്ഞത്. ഇതു തടസപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീ റോഡിലേക്ക് വീണു

റോഡിലേക്ക് വീണ അല്‍ഫോണ്‍സയുടെ കൈക്ക് പരിക്കേറ്റു.  ഇവരെ വലിയകുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തുള്ള മീന്‍കടക്കാരനെ സഹായിക്കാനാണ് വഴിയോര മീന്‍ കച്ചവടം തടഞ്ഞതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.