അതിരപ്പിള്ളി അടച്ചു, അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം അടച്ചു. ഈ മാസം അഞ്ചുവരെയാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചത്. അതിരപ്പിള്ളി, മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ മഴയെ തുടര്‍ന്ന് ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

കോട്ടയത്തെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. മൂന്നിലവില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്നാണ് സംശയം. ഈരാറ്റുപേട്ടയില്‍ കടകളില്‍ വെള്ളം കയറി. വാകക്കാട് മേഖലയില്‍ തോട് കരകവിഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്. മുണ്ടക്കയം കോസ് വേയില്‍ വെള്ളം കയറി. കൂട്ടിക്കല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി.