ബി.ബി.സിക്ക് വേണ്ടി വാദിച്ച സഖാക്കൾ എവിടെ; എളമരത്തിന്റെ കേസിനും പിണറായിയുടെ താക്കീതിനും കീഴടങ്ങില്ല; നിലപാട് വ്യക്തമാക്കി വിനു വി. ജോണ്‍

ഒരു എളമരം കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും പിണറായി വിജയന്റെ താക്കീതിനും കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ഉയര്‍ത്തിപിടിക്കുന്ന നിലപാടുകളെന്ന് അവതാരകന്‍ വിനു വി. ജോണ്‍. സിഐടിയു നേതാവ് എളമരം കരീം എംപിയുടെ പരാതിയില്‍ നാളെ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ബിബിസിയുടെ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുകയും കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയെ ശക്തിയുക്തം വിമര്‍ശിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്ഥലന്‍മാരായ സഖാക്കളെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഭരണത്തില്‍ നിങ്ങളുടെ സെക്രട്ടേറിയറ്റിന്റെ തൊട്ടുകീഴില്‍ നടക്കുന്ന ഈ മാധ്യമ വിരുദ്ധ പ്രവൃത്തികള്‍ അറിയുന്നില്ലേയെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായി അദേഹം ചോദിച്ചു. നിങ്ങള്‍ എത്ര പേടിപ്പിച്ചാലും ചോദ്യം ചെയ്താലും അന്നു ജനപക്ഷത്ത് നിന്നും ഉയര്‍ത്തിയ അതേ വാദങ്ങള്‍ ഏതു നിമിഷവും ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ഉയര്‍ത്തികൊണ്ടേയിരിക്കുമെന്നും വിനു വി ജോണ്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കേരള പോലീസ് വിനുവിന് നോട്ടീസ് കൈമാറിയത്. 2022 മാര്‍ച്ച് 28 ന് കണ്‍റ്റോണ്‍മെന്റ് പൊലീസ് എടുത്ത കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് കൈമാറിയിരിക്കുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്ക് സ്റ്റേഷനില്‍ ഹാരാകണമെന്നാണ് നിര്‍ദേശം.

സിആര്‍പിസിയിലെ 41 എ പ്രകാരമാണ് നോട്ടീസ്. മേലില്‍ സമാന കുറ്റം ചെയ്യരുതെന്നും തെളിവുകള്‍ ഇല്ലാതാക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഈ നോട്ടീസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്നുണ്ട്. ചോദ്യം ചെയ്യേണ്ട മതിയായ കാരണം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.
2022 മാര്‍ച്ച് 28നാണ് സംഭവം നടന്നതെങ്കിലും പരാതി അടുത്ത മാസം 28ന് പത്തരയ്ക്കാണ് കിട്ടിയതെന്നും എഫ്‌ഐആറില്‍ വ്യക്തമാമാണ്. അന്ന് പതിനൊന്ന് ആറിന് തന്നെ കേസെടുത്തു. ഏളമരത്തെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാല്‍ ആക്രമിക്കപ്പെണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.

Read more

ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ രാജ്യത്ത് നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിനിടെ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ യാസിറിന് തിരൂരില്‍ വെച്ച് സമരാനുകൂലികളുടെ ക്രൂരമായ മര്‍ദനമേറ്റിരുന്നു. അതേക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സിഐടിയു സംസ്ഥാന സെക്രട്ടറിയും രാജ്യസഭാ അംഗവുമായ എളമരം കരീം പറഞ്ഞത് ‘ഓട്ടോ തടഞ്ഞു, പിച്ചി, മാന്തി എന്നൊക്കെ പരാതികള്‍’ വരുന്നത് പണിമുടക്ക് തകര്‍ക്കാന്‍ വേണ്ടിയാണെന്നായിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്ത സമയത്ത് അവതാരകനായ വിനു വി ജോണ്‍ പറഞ്ഞ വാക്കുകളാണ് പിന്നീട് വിവാദമായത്.